ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ചരിത്രം

ചരിത്രം

  കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ളോക്കില്‍ ഉള്‍പ്പെടുന്നതായ മൈലം പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 27.49 ചതുരക്ര കിലോമീറ്ററാണ്. കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയിലായി ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക് പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തിയായ കല്ലടയാറ് ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്കുകിഴക്കായി പട്ടാഴി തെക്കേക്കര പഞ്ചായത്തും കിഴക്ക് തലവൂര്‍ പഞ്ചായത്തും തെക്കുകിഴക്കായി മേലില പഞ്ചായത്തും, തെക്ക് കൊട്ടാരക്കര പഞ്ചായത്തും പടിഞ്ഞാറായി നെടുവത്തൂര്‍ പഞ്ചായത്തും വടക്കുപടിഞ്ഞാറും  കുളക്കട പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മേഖലകളായി തിരിച്ചിട്ടുള്ളതില്‍ ഇടനാട്ടിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ കുന്ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കളപ്പാറക്കുന്നാണ് (139 മീ). ഈ പ്രദേശത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ നല്ല നീര്‍വാഴ്ചയുള്ള ചെങ്കല്‍ മണ്ണാണ് പരക്കെ കാണപ്പെടുന്നത്. കുന്നിന്‍ മുകളില്‍ ചിലഭാഗങ്ങളില്‍ പാറകളും ചെങ്കല്‍പാരും കാണപ്പെടുന്നുണ്ട്. താഴ്വരകളില്‍ പശിമരാശി എക്കല്‍ മണ്ണാണുള്ളത്. ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, കുന്നിന്‍ മുകള്‍ , വലിയ ചെരിവുകള്‍ , മിതമായ ചെരിവുകള്‍ , താഴ്വരകള്‍ എന്നിങ്ങനെ അഞ്ച് ഭൂരൂപങ്ങളായി തരംതിരിക്കാം. വിസ്തൃതിയില്‍ കുറവായ ഈ പ്രദേശങ്ങളാണ് പഞ്ചായത്തിലെ ഉയരം കൂടിയ സ്ഥലങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്ന് 80 മീറ്ററിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങള്‍ ചെരിവുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. കുന്നിന്‍മുകള്‍ പൊതുവെ വിസ്തൃതി കുറവും ഒറ്റപ്പെട്ടവയുമാണ്. എന്നാല്‍ സമതലങ്ങള്‍ പൊതുവെ വിസ്താരമേറിയവയായിരിക്കും. ചെങ്കല്‍മണ്ണ് നിറഞ്ഞ ഈ പ്രദേശങ്ങളില്‍ മണ്ണിന്റെ ഘനം താരതമ്യേന കുറവായിരിക്കും. കുളപ്പാറക്കുന്ന്, ആയിരവല്ലിപ്പാറ എന്നീ സ്ഥലങ്ങളില്‍ പാറകളും, താമരക്കുടിയുടെ വടക്ക്കിഴക്ക് ഭാഗങ്ങളില്‍ കട്ടി കൂടിയ ചെങ്കല്‍പാരും കാണപ്പെടുന്നു. ചെരിവ് കുറവായതിനാല്‍ മണ്ണൊലിപ്പിനുള്ള സാദ്ധ്യതയും വിരളമാണ്. ഇവിടെ റബ്ബര്‍ കൃഷിയാണ് മുഖ്യമായി നിലവിലുള്ളതെങ്കിലും തെങ്ങും മറ്റും ചേര്‍ന്ന മിശ്രിത കൃഷിയും പരക്കെയുണ്ട്. ഇവയിലുള്‍പ്പെടുന്ന പ്രദേശങ്ങള്‍ കുളപ്പാറക്കുന്ന്(139മീ.) ആയിരവല്ലിപ്പാറ(134മീ.) തൃക്കപാലേശ്വരം, ശിവാക്കുന്ന്, വെള്ളാരംകുന്ന് എന്നിവയാണ്. സമതലങ്ങള്‍ക്കും കുന്നിന്‍മുകളുകള്‍ക്കും ചുറ്റുമായി കിടക്കുന്നതും, താഴ്വരകളില്‍ അവസാനിക്കുന്നതുമായ ചരിവുഭാഗങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്ന് 20 മീ-നുമേലും 80 മീ-നു താഴെയുമുള്ള പ്രദേശങ്ങളാണ്. മൊത്തം വിസ്തൃതിയുടെ 36 ശതമാനം മിതമായ ചെരിവുകളാണ്. ഇവ പൊതുവെ താഴ്വരകളോട് ചേര്‍ന്ന് കിടക്കുന്നതും ചെരിവ് കുറഞ്ഞതുമായ പ്രദേശങ്ങളാണ്. എന്നാല്‍ സമതലത്തോടും കുന്നിന്‍മുകളിനോട് ചേര്‍ന്നും കിടക്കുന്നതായ വലിയ ചെരിവുകള്‍ വിസ്തൃതിയില്‍ കുറവാണെങ്കിലും മണ്ണൊലിപ്പിന് സാദ്ധ്യതയേറിയവയാണ്. ഇവയില്‍ ഉള്‍പ്പെടുന്ന ചില പ്രദേശങ്ങള്‍ ശിവാക്കുന്ന്, പുലമണ്‍ വാര്‍ഡിന്റെ മധ്യഭാഗം, താമരക്കുടി കരയില്‍ ഭാഗം എന്നിവയാണ്. മിശ്രിത കൃഷിയും റബ്ബറും നടന്നുവരുന്ന ഈ ഭാഗങ്ങളില്‍ ചെങ്കല്‍മണ്ണാണ് പരക്കെ കാണപ്പെടുന്നത്. മൊത്ത വിസ്തൃതിയില്‍ 35 ശതമാനം വരുന്ന താഴ്വര പ്രദേശങ്ങള്‍ പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണ്. സമുദ്ര നിരപ്പില്‍ നിന്ന് 20 മീറ്ററിനു താഴെ സ്ഥിതി ചെയ്യുന്ന ഈ ഭാഗങ്ങളില്‍ സമീപമുള്ള കുന്നുകളില്‍ നിന്നും, ചരിവുകളില്‍ നിന്നും മണ്ണും ജലവും ഒലിച്ചിറങ്ങുന്നു. ഇങ്ങനെ ഒലിച്ചിറങ്ങുന്നതായ മണ്ണ് ശേഖരിക്കപ്പെടുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ എക്കല്‍ മണ്ണാണ് കാണപ്പെടുന്നത്. മഴവെള്ളത്തിലുടെ ഒഴുകി വരുന്നതായ എക്കല്‍ മണ്ണ് അടിയുന്നതിനാല്‍ ഈ ഭൂവിഭാഗം പൊതുവേ ഫലപുഷ്ടമായിരിക്കും. ഇതില്‍ മിക്ക ഭാഗങ്ങളും നെല്‍പ്പാടങ്ങളാണ്. സമീപകാലത്ത് ഇവ നികത്തി മറ്റു കൃഷികള്‍ക്കായും കെട്ടിട നിര്‍മ്മാണത്തിനായും ഉപയോഗിക്കുന്ന പ്രവണത മറ്റിടങ്ങളിലെപ്പോലെ ഇവിടെയും കണ്ടുവരുന്നു. പുലമണ്‍ , പനമണ്‍ , കലയപുരം, മൈലം, അന്തമണ്‍ എന്നീ ഏലാകള്‍ ഈ ഭൂവിഭാഗത്തില്‍പ്പെടുന്നു. ഇവിടെ മുഖ്യമായും മഴ ലഭിക്കുന്നത് രണ്ട് കാലഘട്ടങ്ങളിലാണ്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും, സെപ്റ്റംബര്‍ - നവംബര്‍ വരെയുള്ള മാസങ്ങളില്‍ വടക്കുകിഴക്കന്‍ മഴയും. മഴയുടെ ലഭ്യതയെ ആശ്രയിച്ചാണ് ഇവിടുത്തെ കാര്‍ഷിക വ്യവസ്ഥിതി നിലനില്ക്കുന്നത്. ഈ പ്രദേശത്ത് ജൂണ്‍ - ജൂലൈ മാസങ്ങളിലും  ഒക്ടോബര്‍ - നവംബറിലുമാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടുന്നത്. പഞ്ചായത്തിന്റെ വടക്ക് കിഴക്ക് അതിര്‍ത്തിയിലൂടെ കല്ലടയാറ് കടന്നുപോകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് ഒന്നര കിലോമീറ്റര്‍ വരും. തെക്കുവടക്കായി കടന്നുപോകുന്ന പുലമണ്‍ തോടാണ് പഞ്ചായത്തിലെ ഏറ്റവും വലിയ തോട്. കല്ലടയാറിന്റെ തടപ്രദേശമാകയാല്‍ പുലമണ്‍ തോട്ടിലേക്കും അതുവഴി കല്ലടയാറ്റിലേക്കും ഒഴുകിയെത്തുന്ന അനേകം തോടുകളുമുണ്ട്. കല്ലടയാറ് കൂടാതെ ഏതാണ്ട് 37 കി.മീറ്റര്‍ നീളത്തില്‍ തോടുകളുമുണ്ട്. ഇവ കൂടാതെ കുളങ്ങളും ചേര്‍ന്നുളളതാണ് ഈ പഞ്ചായത്തിലെ ഉപരിതല ജലസ്രോതസ്സ്. ആനക്കാവ്, കിളിയാനൂര്‍ , കോണത്തു വയല്‍ , അമ്പലത്തു വയല്‍ എന്നിവയാണ് പ്രമുഖ പാടശേഖരങ്ങള്‍. താരതമ്യേന ഉയര്‍ന്ന നിലങ്ങളില്‍ വാഴ, ചീനി, പച്ചക്കറികള്‍ എന്നിവ നടന്നുവരുന്നു. മേച്ചാലില്‍ , കൈതവാരം, വലിയവയല്‍ , വെട്ടുകളും, വാളക്കോട്, മേക്കണ്ണങ്കോട് ഏലാകളാണ് നെല്ലുകൃഷി കേന്ദ്രങ്ങള്‍ . മാത്തമണ്‍ ഏല, ചെറുവണശേരി, ചെമ്പകശ്ശേരി, കിഴക്കുപുറം, എറപറ ഇവ പ്രധാന ഏലാകളാണ്. നെല്‍കൃഷി പ്രധാനമെങ്കിലും കാര്‍ഷിക വിളകളുടെ സംഭരണ വിപണനങ്ങളുടെ ലഭ്യതക്കുറവു മൂലം വാഴ, ചീനി, ഇഞ്ചി, പച്ചക്കറി, കൃഷികള്‍ വ്യാപകമാകുന്നു. പളളിക്കല്‍ കിഴക്ക് വാഴ, ചീനി ഇവ വ്യാപകമായി കൃഷി ചെയ്യുന്നു.

പുരാതന സാംസ്‌കാരിക ചരിത്രം

ബി.സി. 2-ം നൂറ്റാണ്ടു മുതൽ ഏ.ഡി. 5-ം നൂറ്റാണ്ടുവരെ കേരളത്തിൻ്റെ 1/24 വരുന്ന ഭൂപ്രദേശത്തിൻ്റെ തലസ്ഥാനം കലയപുരം ആയിരുന്നു. ഇവിടുത്തെ തളിയാതിരിമാർ ആയിരുന്നു കലയ രാജാക്കന്മാർ. അവരുടെ ആസ്ഥാനമായതിനാൽ കലയപുരം എന്ന പേർ വന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന പ്രദേശമായ കലയപുരം മൈലത്ത് ഇന്നത്തെ എം.സി റോഡിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. പുരം എന്നാൽ പട്ടണം എന്നാണർത്ഥം. അതുകൊണ്ടുതന്നെ പണ്ട് പട്ടണങ്ങളായിരുന്ന സ്ഥലങ്ങൾക്ക് മാത്രമേ പുരം എന്ന വാക്ക് ചേർത്തിരുന്നുള്ളു. ഗ്രാമങ്ങൾക്ക് പുരം എന്ന പേർ നൽകിയിട്ടില്ല. അതുകൊണ്ട് ഒരു ഗ്രാമമായ ഈ സ്ഥലത്തിന് പുരം എന്നു ചേർത്ത് പേരുണ്ടായത് ദുരൂഹതയേറുന്ന ഒരു ചരിത്ര വസ്‌തുതയാണ്. ആയതിനാൽ ചരിത്രപരമായി വലിയ പഴക്കമൊന്നുമില്ല എന്നു കരുതപ്പെട്ടിരുന്ന ഈ ഗ്രാമത്തിന് മൺമറഞ്ഞുപോയ ഒരു പുരാതന സംസ്‌കാരവും പട്ടണവാസവും ഉണ്ടായിരുന്നു എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണ് 1977-ൽ ഡിസ്ട്രിക്റ്റ് ഗസറ്റ്സ് ചീഫ് എഡിറ്റർ ആയ അടൂർ രാമചന്ദ്രൻ നായരും, ആർക്കിയോളജി ഡയറക്‌ടർ മഹേശ്വരൻ നായരും ഇതിനെക്കുറിച്ച് വിശദമായ ഗവേഷണം നടത്തി അത്ഭുതകരമായ ചില വസ്‌തുതകൾ വെളിച്ചത്ത് കൊണ്ടുവന്നു. ഇവരുടെ ഗവേഷണത്തിൽ കലയൻ എന്ന ഒരു രാജാവും രാജവംശവും വേണാടിൻ്റെ വടക്കുകിഴക്ക് ഭരിച്ചിരുന്നതായ ഐതിഹ്യം കണ്ടെത്തി. എന്നാൽ ഈ രാജാവിന്റെ തലസ്ഥാനം എവിടെയെന്നോ ഭരണസീമ എവിടെവരെ ഉണ്ടായിരുന്നുവെന്നോ അറിയപ്പെട്ടിരുന്നില്ല. കലയൻ എന്നത് പരമശിവൻ്റെ പര്യായപദം കൂടി ആയതിനാൽ ശൈവാരാധനക്കാരായ ഒരു രാജവംശമായിരുന്നിരിക്കണം ഇത്. 8-ം നൂറ്റാണ്ടിൽ വേണാട് തെക്കൻ കേരളത്തിലെ ഏറ്റവും പ്രബലമായ ശക്തിയായിരുന്നു. ഏ.ഡി 4-ം നൂറ്റാണ്ടോടുകൂടി ഒന്നാം ചേരസാമ്രാജ്യം കേരളത്തിലെ ഏകീകൃത ശക്തിയായിത്തീർന്നിരുന്നു. ഏ.ഡി 4-ം നൂറ്റാണ്ടിനു മുമ്പാണ് കലയ രാജാവ് ഭരിച്ചിരുന്നത്. കലയ രാജാവിന്റെ ഭരണകാലം 1500 വർഷം മുമ്പായിരുന്നു. ഈ രാജാവിൻ്റേയും രാജവംശത്തിൻ്റെയും തലസ്ഥാനം ഇവിടെ കലയപുരത്തായിരുന്നു. കലയൻ്റെ പുരം ആയതിനാൽ കലയപുരം എന്നപേരുണ്ടായതാവാം. പാറയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തൃക്കപാലേശ്വരം ദേവീക്ഷേത്രം. ഭഗവതിയാണ് ഇവിടെ പ്രതിഷ്ഠ. തൃക്കപാലേശ്വരം ക്ഷേത്രത്തിനു താഴെയായി തളിക്കൽ സ്ഥിതി ചെയ്യുന്നു. ഇവിടെ കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നു. ക്രിസ്തുവർഷം 5-ം നൂറ്റാണ്ടുവരെയെങ്കിലും കേരളഭരണം തളികളും തളിയാതിരിമാരുമാണ് നടത്തിയിരുന്നത്. തളി എന്നാൽ തലസ്ഥാനം എന്നും, തളിയാതിരി എന്നാൽ ഭരണാധികാരി എന്നും അർത്ഥം. 24 തളികളും 20 ഉപതളികളും ഉണ്ട്. ഇതിൽ 23 തളികൾ കണ്ടെത്തിയിട്ടുണ്ട്. 24-ാമത്തെ കുന്നത്തൂർ തളി കണ്ടെത്തിയിട്ടില്ല. ഈ തളികളെപ്പറ്റി പഠനം നടത്തിയ കണിപ്പയ്യൂർ നമ്പൂതിരിപ്പാട് കാണാതെ കിടക്കുന്ന കുന്നത്തൂർ തളി കുന്നത്തുനാട്ടിലെ ഒരു ക്ഷേത്രമാണോ എന്ന് സംശയിക്കുന്നു. കാണാതെപോയ കുന്നത്തൂർ തളി കലയപുരത്തെ തളിക്കൽ ക്ഷേത്രമാണെന്നും 6-ാം നൂറ്റാണ്ടോടെ ആക്രമണകാരികൾ ഇതു തകർത്തെറിഞ്ഞതാണെന്നും ചരിത്രകാരന്മാർ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. ഇവിടെ വലിയൊരു പട്ടണവും മഹത്തായ ഒരു സംസ്ക്കാരവും നിലനിന്നിരുന്നു. അത് തകർക്കപ്പെട്ടപ്പോൾ ആളുകൾ ഓടി രക്ഷപ്പെട്ടു. താമരക്കുടി എന്നുപറഞ്ഞാൽ രാജകുടുംബത്തിലെ സ്ത്രീകൾ കുടിവച്ചു താമസിച്ച സ്ഥലമാണ്. അതുപോലെ നശിക്കപ്പെട്ട സ്ഥലമാണ് ആണ്ടമൺ (ആണ്ടുപോയ മണ്ണ്). ആണ്ടമൺ ലോപിച്ച് അന്തമൺ ഉണ്ടായി. കലയപുരത്തിനു സമീപത്താണ് ഇഞ്ചക്കാട് ദേവീക്ഷേത്രം. ഇഞ്ച എന്നാൽ അമ്മ എന്നർത്ഥം. അമ്മയുടെ (ദേവിയുടെ) നാട് എന്നർത്ഥത്തിൽ ഇഞ്ചക്കോട് ലോപിച്ച് ഇഞ്ചക്കാട് ആയി. കലയപുരത്തിൻ്റെ പൂവത്ത് ദിശയിലുള്ള സ്ഥലം പൂവത്തൂര് ലോപിച്ച് പൂവറ്റൂർ ആയി. ഇങ്ങനെ ഈ സംസ്ക്കാരത്തിലും ചരിത്രത്തിലും നിന്നാണ് ചുറ്റുമുള്ള സ്ഥലങ്ങൾക്ക് പേരുണ്ടായത്. ഈ തലസ്ഥാനം തകർക്കുന്നതിന് ആക്രമണ സേന വന്നപ്പോൾ സ്ത്രീകൾ ഒരു പാറയുടെ മുകളിൽ ഒളിച്ചിരുന്നു രക്ഷപ്പെട്ടു. അങ്ങനെ ആയിരംവല്ലികൾ (വല്ലി എന്നാൽ സ്ത്രീ) രക്ഷപ്പെട്ട പാറയെ ആയിരവല്ലി പാറ എന്നുപേർ വിളിച്ചു. 6-ാം നൂറ്റാണ്ടിൽ കലയ രാജാവിന്റെ ആസ്ഥാനം നശിക്കപ്പെട്ട് മൂന്നു നൂറ്റാണ്ടു കഴിഞ്ഞുവന്ന ചേരരാജാവായ ഏനാദി പുതിയ പട്ടണം പണിതു. ഇതിനെ ഏനാദിമംഗലം എന്നു വിളിക്കുന്നു. കോട്ടാത്തല ഭാഗത്തു സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കാവും കളരിയുമുണ്ടായിരുന്ന തണ്ണീർപന്തൽ ദേവീക്ഷേത്രം വഴിയാത്രക്കാർക്ക് ദാഹം തീർക്കാൻ തണ്ണീർ (വെളളം) നൽകുന്ന പതിവുണ്ടായിരുന്നതുകൊണ്ട് പിൽക്കാലത്ത് തണ്ണീർപന്തൽ എന്ന് അറിയപ്പെട്ടു. ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്താറുണ്ടായിരുന്നു. തണ്ണീർപന്തൽ ദേവീക്ഷേത്രത്തിനു സമീപത്തായിട്ടുള്ള കോട്ടാത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അതിപുരാതനമാണ്പുരാതനമായ കടലായി മനവകയായിരുന്നു കൊട്ടാരവും ചുറ്റമ്പലവും ശ്രീകോവിലും ആറാട്ടുകുളവും. ഭിത്തികളിലെ കരിങ്കല്ലില്‍ തീര്‍ത്ത മനോഹരമായ ദാരു ശില്പം, പന്തിഭോജനം, ആറാട്ടുസദ്യ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്.

ആധുനികചരിത്രം


ചെറുകിട കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും കശുവണ്ടി മേഖലയും കട്ടചൂളകളും പാറമടകളുമായി, കഷ്ടിച്ച് ജീവിതം മുമ്പോട്ടു നീക്കുന്ന സാധാരണക്കാരാണ് മൈലം പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും. കൊട്ടാരക്കര ഠൌണ്‍ പഞ്ചായത്തിന് ഓരം ചേര്‍ന്ന് എം.സി.റോഡിനിരുവശമായി കിടക്കുന്ന ഗ്രാമപ്രദേശം. ഏതാനും കശുവണ്ടി ഫാക്ടറികളും അടുത്ത കാലത്ത് സജീവമായിട്ടുള്ള കട്ടച്ചൂളകളും കഴിച്ചാല്‍ ഒരു കാര്‍ഷിക മേഖല തന്നെ. 1953-ല്‍ കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വരുമ്പോള്‍ വിശാലമായ നെല്‍പ്പാടങ്ങളും, കുന്നിന്‍ പുറങ്ങളും, മലഞ്ചെരിവുകളും കൊണ്ട് അതിമനോഹരമായ ഭൂപ്രദേശമായിരുന്നു മൈലം ഗ്രാമം. കാര്‍ഷിക മേഖലയായ മൈലം ഗ്രാമത്തിന്റെ ചരിത്രം കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും പാറമടത്തൊഴിലാളികളുടേയും കദനത്തിന്റെയും സമരങ്ങളുടെയും ചരിത്രമാണ്.  മൈലം, അന്തമണ്‍ - കലയപുരം, താമരക്കുടി, പുലമണ്‍ , പള്ളിക്കല്‍ , പെരുകുളം എന്നീ പരിസര പ്രദേശങ്ങളും ഉള്‍പ്പെടുന്ന മൈലം പഞ്ചായത്ത് 1952-ല്‍ രൂപീകൃതമായി. അന്ന് മൈലത്ത് വാര്യത്തു കടയില്‍ പ്രവര്‍ത്തനമാരംഭിച്ച മൈലം പഞ്ചായത്താഫീസ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഇഞ്ചക്കാട് വാസുദേവ മന്ദിരത്തില്‍ നാരായണപിളള വക കടയിലേക്ക് മാറ്റി സ്ഥാപിച്ചു. 1954-ല്‍ മൈലം കീഴൂട്ടുവീട്ടില്‍ കൊച്ചു കുഞ്ഞുപിള്ള വക 40 സെന്റ് പുരയിടം 40 രൂപാ വിലവച്ച് വാങ്ങുകയും കെട്ടിട ഫണ്ടില്‍ നിന്ന് തുകയെടുത്ത് പുതിയ ഓഫീസ് കെട്ടിടം പണി പൂര്‍ത്തിയാക്കുകയും ചെയ്തു. 1955-ല്‍ മൈലത്തു പണികഴിപ്പിച്ച പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിച്ചു. മൈലം പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി ഇഞ്ചക്കാട് ആറ്റൂര്‍ വീട്ടില്‍ എം.കൃഷ്ണ പിള്ളയും വൈസ് പ്രസിഡന്റായി പുലമണ്‍ പി.ജെ..മത്തായിയും സ്ഥാനമേറ്റു. പ്രഥമ പഞ്ചായത്തു കമ്മിറ്റിയില്‍ ജി.പുഷ്ക്കരന്‍ പിള്ള(അന്തമണ്‍ - കലയപുരം), എസ്.ശംഭുപോറ്റി (താമരക്കുടി), ജി.രാഘവന്‍ പിള്ള (മൈലം), പി.ജെ..മത്തായി (പുലമണ്‍ ), ഗോവിന്ദന്‍ , വി.ഗോവിന്ദപ്പിള്ള (പള്ളിക്കല്‍ - ദ്വയാംഗ മണ്ഡലം), എം.കൃഷ്ണ പിള്ള (പെരുകുളം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പാലപ്പള്ളില്‍ കിഴക്കേതില്‍ ഗോപാല പിളള, കോട്ടത്തല വട്ടത്തുണ്ടില്‍ രാഘവന്‍ , താമരക്കുടി നീലമനയില്‍ എന്‍.എസ്.നാരായണന്‍ പോറ്റി, പള്ളിക്കല്‍ കിഴക്ക് ഇളംകുളത്തു വീട്ടില്‍ മൈലം പാപ്പച്ചന്‍ , പെരുകുളം രാജേന്ദ്രന്‍ , പള്ളിക്കല്‍ ആയിക്കുന്നത്തു വീട്ടില്‍ ആര്‍.മോഹന്‍ കുമാര്‍ , ഇന്ദിരാ ഗോപിനാഥ് എന്നിവര്‍ പഞ്ചായത്തു പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.