ചരിത്രം

പുരാതന സാംസ്‌കാരിക ചരിത്രം

ബി.സി. 2-ം നൂറ്റാണ്ടു മുതൽ ഏ.ഡി. 5-ം നൂറ്റാണ്ടുവരെ കേരളത്തിൻ്റെ 1/24 വരുന്ന ഭൂപ്രദേശത്തിൻ്റെ തലസ്ഥാനം കലയപുരം ആയിരുന്നു. ഇവിടുത്തെ തളിയാതിരിമാർ ആയിരുന്നു കലയ രാജാക്കന്മാർ. അവരുടെ ആസ്ഥാനമായതിനാൽ കലയപുരം എന്ന പേർ വന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന പ്രദേശമായ കലയപുരം മൈലത്ത് ഇന്നത്തെ എം.സി റോഡിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. പുരം എന്നാൽ പട്ടണം എന്നാണർത്ഥം. അതുകൊണ്ടുതന്നെ പണ്ട് പട്ടണങ്ങളായിരുന്ന സ്ഥലങ്ങൾക്ക് മാത്രമേ പുരം എന്ന വാക്ക് ചേർത്തിരുന്നുള്ളു. ഗ്രാമങ്ങൾക്ക് പുരം എന്ന പേർ നൽകിയിട്ടില്ല. അതുകൊണ്ട് ഒരു ഗ്രാമമായ ഈ സ്ഥലത്തിന് പുരം എന്നു ചേർത്ത് പേരുണ്ടായത് ദുരൂഹതയേറുന്ന ഒരു ചരിത്ര വസ്‌തുതയാണ്. ആയതിനാൽ ചരിത്രപരമായി വലിയ പഴക്കമൊന്നുമില്ല എന്നു കരുതപ്പെട്ടിരുന്ന ഈ ഗ്രാമത്തിന് മൺമറഞ്ഞുപോയ ഒരു പുരാതന സംസ്‌കാരവും പട്ടണവാസവും ഉണ്ടായിരുന്നു എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണ് 1977-ൽ ഡിസ്ട്രിക്റ്റ് ഗസറ്റ്സ് ചീഫ് എഡിറ്റർ ആയ അടൂർ രാമചന്ദ്രൻ നായരും, ആർക്കിയോളജി ഡയറക്‌ടർ മഹേശ്വരൻ നായരും ഇതിനെക്കുറിച്ച് വിശദമായ ഗവേഷണം നടത്തി അത്ഭുതകരമായ ചില വസ്‌തുതകൾ വെളിച്ചത്ത് കൊണ്ടുവന്നു. ഇവരുടെ ഗവേഷണത്തിൽ കലയൻ എന്ന ഒരു രാജാവും രാജവംശവും വേണാടിൻ്റെ വടക്കുകിഴക്ക് ഭരിച്ചിരുന്നതായ ഐതിഹ്യം കണ്ടെത്തി. എന്നാൽ ഈ രാജാവിന്റെ തലസ്ഥാനം എവിടെയെന്നോ ഭരണസീമ എവിടെവരെ ഉണ്ടായിരുന്നുവെന്നോ അറിയപ്പെട്ടിരുന്നില്ല. കലയൻ എന്നത് പരമശിവൻ്റെ പര്യായപദം കൂടി ആയതിനാൽ ശൈവാരാധനക്കാരായ ഒരു രാജവംശമായിരുന്നിരിക്കണം ഇത്. 8-ം നൂറ്റാണ്ടിൽ വേണാട് തെക്കൻ കേരളത്തിലെ ഏറ്റവും പ്രബലമായ ശക്തിയായിരുന്നു. ഏ.ഡി 4-ം നൂറ്റാണ്ടോടുകൂടി ഒന്നാം ചേരസാമ്രാജ്യം കേരളത്തിലെ ഏകീകൃത ശക്തിയായിത്തീർന്നിരുന്നു. ഏ.ഡി 4-ം നൂറ്റാണ്ടിനു മുമ്പാണ് കലയ രാജാവ് ഭരിച്ചിരുന്നത്. കലയ രാജാവിന്റെ ഭരണകാലം 1500 വർഷം മുമ്പായിരുന്നു. ഈ രാജാവിൻ്റേയും രാജവംശത്തിൻ്റെയും തലസ്ഥാനം ഇവിടെ കലയപുരത്തായിരുന്നു. കലയൻ്റെ പുരം ആയതിനാൽ കലയപുരം എന്നപേരുണ്ടായതാവാം. പാറയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തൃക്കപാലേശ്വരം ദേവീക്ഷേത്രം. ഭഗവതിയാണ് ഇവിടെ പ്രതിഷ്ഠ. തൃക്കപാലേശ്വരം ക്ഷേത്രത്തിനു താഴെയായി തളിക്കൽ സ്ഥിതി ചെയ്യുന്നു. ഇവിടെ കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നു. ക്രിസ്തുവർഷം 5-ം നൂറ്റാണ്ടുവരെയെങ്കിലും കേരളഭരണം തളികളും തളിയാതിരിമാരുമാണ് നടത്തിയിരുന്നത്. തളി എന്നാൽ തലസ്ഥാനം എന്നും, തളിയാതിരി എന്നാൽ ഭരണാധികാരി എന്നും അർത്ഥം. 24 തളികളും 20 ഉപതളികളും ഉണ്ട്. ഇതിൽ 23 തളികൾ കണ്ടെത്തിയിട്ടുണ്ട്. 24-ാമത്തെ കുന്നത്തൂർ തളി കണ്ടെത്തിയിട്ടില്ല. ഈ തളികളെപ്പറ്റി പഠനം നടത്തിയ കണിപ്പയ്യൂർ നമ്പൂതിരിപ്പാട് കാണാതെ കിടക്കുന്ന കുന്നത്തൂർ തളി കുന്നത്തുനാട്ടിലെ ഒരു ക്ഷേത്രമാണോ എന്ന് സംശയിക്കുന്നു. കാണാതെപോയ കുന്നത്തൂർ തളി കലയപുരത്തെ തളിക്കൽ ക്ഷേത്രമാണെന്നും 6-ാം നൂറ്റാണ്ടോടെ ആക്രമണകാരികൾ ഇതു തകർത്തെറിഞ്ഞതാണെന്നും ചരിത്രകാരന്മാർ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. ഇവിടെ വലിയൊരു പട്ടണവും മഹത്തായ ഒരു സംസ്ക്കാരവും നിലനിന്നിരുന്നു. അത് തകർക്കപ്പെട്ടപ്പോൾ ആളുകൾ ഓടി രക്ഷപ്പെട്ടു. താമരക്കുടി എന്നുപറഞ്ഞാൽ രാജകുടുംബത്തിലെ സ്ത്രീകൾ കുടിവച്ചു താമസിച്ച സ്ഥലമാണ്. അതുപോലെ നശിക്കപ്പെട്ട സ്ഥലമാണ് ആണ്ടമൺ (ആണ്ടുപോയ മണ്ണ്). ആണ്ടമൺ ലോപിച്ച് അന്തമൺ ഉണ്ടായി. കലയപുരത്തിനു സമീപത്താണ് ഇഞ്ചക്കാട് ദേവീക്ഷേത്രം. ഇഞ്ച എന്നാൽ അമ്മ എന്നർത്ഥം. അമ്മയുടെ (ദേവിയുടെ) നാട് എന്നർത്ഥത്തിൽ ഇഞ്ചക്കോട് ലോപിച്ച് ഇഞ്ചക്കാട് ആയി. കലയപുരത്തിൻ്റെ പൂവത്ത് ദിശയിലുള്ള സ്ഥലം പൂവത്തൂര് ലോപിച്ച് പൂവറ്റൂർ ആയി. ഇങ്ങനെ ഈ സംസ്ക്കാരത്തിലും ചരിത്രത്തിലും നിന്നാണ് ചുറ്റുമുള്ള സ്ഥലങ്ങൾക്ക് പേരുണ്ടായത്. ഈ തലസ്ഥാനം തകർക്കുന്നതിന് ആക്രമണ സേന വന്നപ്പോൾ സ്ത്രീകൾ ഒരു പാറയുടെ മുകളിൽ ഒളിച്ചിരുന്നു രക്ഷപ്പെട്ടു. അങ്ങനെ ആയിരംവല്ലികൾ (വല്ലി എന്നാൽ സ്ത്രീ) രക്ഷപ്പെട്ട പാറയെ ആയിരവല്ലി പാറ എന്നുപേർ വിളിച്ചു. 6-ാം നൂറ്റാണ്ടിൽ കലയ രാജാവിന്റെ ആസ്ഥാനം നശിക്കപ്പെട്ട് മൂന്നു നൂറ്റാണ്ടു കഴിഞ്ഞുവന്ന ചേരരാജാവായ ഏനാദി പുതിയ പട്ടണം പണിതു. ഇതിനെ ഏനാദിമംഗലം എന്നു വിളിക്കുന്നു. കോട്ടാത്തല ഭാഗത്തു സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കാവും കളരിയുമുണ്ടായിരുന്ന തണ്ണീർപന്തൽ ദേവീക്ഷേത്രം വഴിയാത്രക്കാർക്ക് ദാഹം തീർക്കാൻ തണ്ണീർ (വെളളം) നൽകുന്ന പതിവുണ്ടായിരുന്നതുകൊണ്ട് പിൽക്കാലത്ത് തണ്ണീർപന്തൽ എന്ന് അറിയപ്പെട്ടു. ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്താറുണ്ടായിരുന്നു. തണ്ണീർപന്തൽ ദേവീക്ഷേത്രത്തിനു സമീപത്തായിട്ടുള്ള കോട്ടാത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അതിപുരാതനമാണ്